Wednesday, May 9, 2007

വിളി: തനിമയും പ്രസ്കതിയും

"ഞാനാരാണ്" എന്നാണ് ജനങ്ങള്‍ ‌പറയുന്നത് ? എന്ന ചോദ്യത്തിന്റെ ഉത്തരം സാമാന്യവത്കരണമായിരുന്നു. സാമാന്യവത്കരിക്കപ്പെട്ട ഒരു ഉത്തരത്തിനു “ആഴ”ത്തിലേയ്ക്കു എത്തിനോക്കാന്‍ സാധിക്കുമായിരുന്നില്ല. അവന്റെ “സ്വത്വം” സാമാന്യവത്കരിക്കപ്പെട്ട ഉത്തരങ്ങള്‍‌ക്കപ്പുറമായതുകൊണ്ടും ആ ഉത്തരത്തില്‍ അവന്റെ തനിമ തെളിയാത്തതുകൊണ്ടും, യേശു ശിഷ്യരോടു ചോദിച്ചു. “ഞാനാരാണ് എന്നാണ് നിങ്ങള്‍‌ പറയുന്നതു. “ ഒരു പ്രവാചകന്‍ മാത്രമല്ല അവന്‍ എന്ന അവബോധത്തിലേയ്ക്കുണര്‍ന്നു പത്രോസ് പറഞ്ഞു. “നീ ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ മിശിഹാ”യാണ് എന്ന്. മനുഷ്യനും മാംസവുമല്ല അങ്ങനെയൊരു വെളിപ്പെടുത്തല്‍ അവനു നല്‍കിയത്. മാംസരക്തങ്ങളൂടെ, ശരീരത്തിന്റെ തലത്തില്‍ അഭിരമിക്കുന്നവര്‍ക്ക് ഇത്തരം വെളിപ്പെടുത്തലുകള്‍ വീണു കിട്ടിലല്ലോ?


ഞാനാരാണ് എന്ന അന്വേഷണം “ഞാന്‍ ആരായിരിക്കണം” എന്നതിലെയ്ക്കുള്ള ക്രമമായ വളര്‍ച്ചയാണ്. ദൈവവിളി ഈ അവബോധത്തിന്റെ ബോധ്യമാണ്. നീ ആരായിരിക്കണം എന്നുള്ളതാണ് നിന്റെ നിയോഗം.


ദൈവവിളി സ്വീകരിച്ചവന്‍ സാമന്യവത്കരണത്തിനതീതമായി വിശിഷ്ട്തയുടെ തലത്തിലേയ്ക്കുയരേണ്ടവരാണ്. എല്ലാവരില്‍ നിന്നും വെറുതേ വ്യത്യസ്തരാകുകയല്ല മറിച്ച് കര്‍മ്മവും ചിന്തയും ശൈലിയും കഴ്ചപ്പാടും, ഇടപെടലുമൊക്കെ വ്യത്യസ്തതമാകുമ്പോഴാണ് വിശിഷ്ടരാവുക. വ്യത്യസ്തത വ്യത്യസ്തതയ്ക്കുവേണ്ടിയല്ല മറിച്ച്, വ്യത്യസ്തത വിളിയുടെ തനിമയുടെ പ്രകശനമാണ്.



നിന്റെ വിളിയുടെ തനിമ കണ്ടെത്തുകയണ് നിന്റെ എറ്റവും ശ്രമകരമായ ദൌത്യം. ഞാനാരായിരിക്കണം എന്നതിന്റെ സൂച്കം കൂടിയണത്. ലോകത്തിന്റെ പ്രകശവും ഭുമിയുടെ ഉപ്പുമാകാന്‍ വിളിക്കപ്പെട്ടവനാണ് സന്യാസി. വെളിച്ചമുള്ളിടത്തോളം നടക്കുകയെന്നതല്ല, മറിച്ച് നടക്കുന്നിടത്തൊക്കെ വെളിച്ചം വിതറാന്‍ കഴിയുകയെന്നതാണ് പ്രധാനം. ചുറ്റുമുള്ള അന്ധകാരം കൂടുംതോറും ചെറുവെട്ടത്തിന്റെ ആവശ്യകതയും പ്രസക്തിയും വര്‍ധിക്കുന്നു. മിന്നല്‍ പിണരിനുപോലും നിന്റെ ജീവിതത്തെ അപായത്തില്‍ നിന്നു കാക്കാന്‍ കഴിയും.


“ഉപ്പാ” കാന്‍ വിളിക്കപ്പെട്ടിരിക്കുക എന്നത് ഒരു വലിയ കഴ്ചവട്ടം നിനക്കു തുറന്നു തരുന്നു. ഉപ്പിനു ഉറകെട്ടുപോയാല്‍, വലിച്ചെറിയപ്പെടാനല്ലാതെ ഒന്നിനും കൊള്ളില്ല. സന്യാസിക്കു “സന്യാസത്വം” നഷ്ടപ്പെട്ടാല്‍ ഒന്നിനും കൊള്ളില്ല. സന്യസതര്‍ തങ്ങളുടെ തനിമയെക്കുറിച്ചുള്ള ബോധം നഷ്ടപ്പെട്ട് ഇന്ന് വെറും ജോലിക്കരായി ചുരുങ്ങുന്ന കാഴച നാം കാണുന്നു. വെറും ഡോക്ട്രറായും, നേഴ്സായും, ടീച്ചറായും, പ്രസംഗനായും മാത്രം വെട്ടിചുരുക്കപ്പെട്ട സന്യാസി സ്വത്വം നഷ്ടപ്പെട്ടവനും സ്വത്വഭ്രമമുള്ളവനുമാണ് (identity crisis), ആഗോളീകരിക്കപ്പെട്ട കച്ചവടസംസ്കാരത്തിന്റെ ഒരു സംഭാവനയായി വെണമെങ്കില്‍ നമുക്കു ഇതിനെ കാണാം. സ്വത്വനിശ്ചയമില്ലായ്മയാണ് ഇന്നിന്റെ ഏറ്റവും വലിയ പ്രശനം.



ദൈവളിയെക്കുറിച്ചുള്ള പുനരവലോകനവും പുനരര്‍പ്പണവുമാണ് നമുക്കാവശ്യം. നാടോടുമ്പോള്‍ നടുവെ ഓടുകമത്രാമല്ല, ഓട്ടത്തിനു ഒരു ദിശാബോധാം നല്‍കുവാന്‍ വിളിയ്ക്കപ്പെട്ടവനു കഴിയണം. കുഴിയില്‍ വീണു കിടക്കുന്ന കുരുടനു എങ്ങിനെയാണ് അത് സാധിക്കുക ?


ഈ ലോകത്തിന്റെ രീതികള്‍ക്ക് അനുരുപപ്പെടാതെ ആത്മാവിനാല്‍ നവീകരിക്കപ്പെണമെന്ന് (റോമ. 12.1) പൌലോസ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് അതുകൊണ്ടുകൂടിയാണ്. സന്യാസജീവിതത്തിലെ നിത്യോപയോഗ പദാവലികള്‍ സൂചിപ്പിക്കുന്നത് ലോകത്തിന്റെ അരൂപിയില്‍, ചിന്താപദ്ധതിയില്‍ മാത്രം കുരുങ്ങി കിടക്കുന്നവരാണ് നാം എന്നാണ്. ആത്മവിനാല്‍ നവീകരിക്കപ്പെട്ട് ഈ ചിന്താപദ്ധതികള്‍ക്കും പദാവലികള്‍ക്കും (terms) അതീതരായി കഴിയുമ്പോഴാണ് സന്യാസത്തിന്റെ തനിമയിലേയ്ക്കു വരാന്‍ സാധിക്കുക. എല്ലാം കൂട്ടിവയ്ക്കുന്ന, എത്ര കിട്ടിയാലും പോരാ എന്നു വയ്ക്കുന്ന എന്റെതാണ്, എനിക്കുവേണം എന്ന “മണ്‍‌വെട്ടി“ മനോഭാവം പുലര്‍ത്തുന്നവരുടെയിടയില്‍ ആനന്ദത്തോടെ ഇട്ടെറിഞ്ഞു കൊടുക്കുന്ന / വിട്ടുപേക്ഷിക്കുന്ന സന്യാസ മനോഭാവം പുലര്‍ത്തുവാന്‍ തീര്‍ച്ചയായും വഴിമറി നടക്കന്‍ പരിശീലിക്കുന്നവര്‍ക്കേ സാധിക്കു. സന്യാസ്തര്‍ക്കുപോലും അധികാര “രക്തദൂഷ്യം” (ചെമ്മനം ചാക്കോ) വന്നുഭവിചിരിക്കുന്ന ഈ കാലഘട്ടത്തില്‍ ആരാണു നിന്റെ യജമാനന്‍ ? ആരെയാണു നീ സേവിക്കുന്നത്. ഭ്യത്യനെയോ യജമാനനേയോ ? എന്ന ചോദ്യം കാതുകളില്‍ നിരന്തരം മുഴങ്ങണം. വിളിക്കപ്പെട്ടവന്‍ സേവിക്കേണ്ടത് യജമാനനെയാണ് എന്ന അവബോധമുള്ളവര്‍ക്കു മാത്രമേ സന്യാസത്തിന്റെ തനിമ വീണ്ടെടുക്കുവാന്‍ കഴിയൂ.


സമര്‍പ്പണത്തിന്റെ തനിമ വീണ്ടെടുക്കുവാന്‍ ശ്രമിക്കുന്നവരാണ് ഇന്നിന്റെ ആവശ്യം. സമര്‍പ്പണത്തില്‍ വെള്ളം ചെര്‍ത്ത് നേര്‍പ്പിച്ചു നേര്‍പ്പിച്ചു സാവധാനം ഇല്ലാതാക്കുന്നവര്‍ പെരുകുമ്പോള്‍ സമര്‍പ്പണത്തിന്റെ തനിമയ്ക്കു പ്രസ്കതിയേറുന്നു. ദൈവാനുഭവത്തിനു വേണ്ടിയുള്ള മനുഷ്യരുടെ പരക്കം‌പാച്ചില്‍ സൂചിപ്പിക്കുന്നത് എന്താണ് ? എത്രത്തോളം ഭൌതീകരാകുന്നുവോ അത്രത്തോളം അദ്ധ്യാത്മികതയ്ക്കവേണ്ടി അവര്‍ ദാഹിക്കുന്നു എന്നല്ലേ.


ആന്തരികത കൈമോശം വരുമ്പോഴണ് മനുഷ്യന്‍ ബാഹ്യമായ ബഹളങ്ങളില്‍ കൂടുതല്‍ തത്പരരാകുക. ആഢംബരങ്ങള്‍, അനാവശ്യ അഘോഷങ്ങള്‍, മറ്റുള്ളവരെ കാണിക്കാനുള്ള പ്രവര്‍ത്തികള്‍ എന്നിവയ്ക്കു അപ്പോഴാണ് പ്രധാന്യം കൊടുക്കുക. ദൈവാനുഭവം കൊടുക്കുവാന്‍ സാധിക്കത്ത സമര്‍പ്പിതനും ഒത്തിരി ബഹളം കൂട്ടുന്നു, ഷോകള്‍ കാട്ടുന്നു. ദൈവാനുഭവമുള്ളവന്‍ ലളിതമായ ജീവിതശൈലികളിലേയ്ക്കുണരുന്നു. ഉള്ളു നിറഞ്ഞവനു പുതുമോടികാട്ടേണ്ട കാര്യാമില്ലല്ലോ!! “പൂച്ചയ്ക്കു പുറമുണ്ട് പുറം പൂച്ചയ്ക്കു അകമില്ല“ എന്നാണല്ലോ പ്രമാണം.


നിന്റെ ചുറ്റും മുറിവേറ്റവര്‍ ധാരാളമുണ്ട്. വെച്ചുകെട്ടാന്‍ നിനക്കു മനസ്സുണ്ടോ, സമയമുണ്ടോ ? തോല്‍ക്കുന്നവരോടൊപ്പം നില്കാന്‍ നിനക്കു ചങ്കുറപ്പുണ്ടോ ? ബലമില്ലാത്തവന്റെ കൂടായിരിക്കാമോ? അധികാര കസേരകളുടെ പിറകേ പായാതിരിക്കാന്‍ നിനക്കു കഴിയുമോ ? ചെയ്യുന്ന ചെറിയ കാര്യങ്ങള്‍ പോലും അര്‍ത്ഥവത്താണ് എന്നു കരുതാനുള്ള വലിയ മനസ്സ് നിനക്കുണ്ടോ ? എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറയാനാകുന്ന വിധം ഞാനെന്നാണ് എന്നെ കണ്ടെത്തുക? എന്റെ സന്യസ തനിമ കണ്ടെത്തുക.‍